ഹരിപ്പാട്: ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി ജില്ലയിൽ വിതരണം ചെയ്യാനുള്ളത് 1,198 കോടി രൂപ. ദേശീയപാത അതോറിറ്റി മൂന്ന് തവണയായി ജില്ലക്ക് 3,056 കോടി രൂപ അനുവദിച്ചിരുന്നു. 1,858 കോടി രൂപയാണ് വിതരണം ചെയ്തത്. നഷ്ടപരിഹാര വിതരണത്തിൽ ഏറ്റവും പിന്നിൽ ആലപ്പുഴയാണ്.തുറവൂർ മുതൽ ഓച്ചിറ വരെ ഭൂമിയേറ്റെടുക്കുമ്പോൾ 7,633 പേർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. 4,772 പേർക്ക് തുക ലഭിച്ചു. 2,861 ഭൂവുടമകൾ തുകക്കായി കാത്തിരിക്കുന്നു.മാസങ്ങൾക്ക് മുമ്പേ അതോറിറ്റി പണം നൽകിയതാണെങ്കിലും വിതരണം വൈകുകയാണ്. തുറവൂർ മുതൽ ആലപ്പുഴ പറവൂർ വരെയും പറവൂർ-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-ഓച്ചിറ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ജില്ലയിൽ ദേശീയപാത പുനർനിർമാണം നടക്കുന്നത്.
ഇതിൽ പറവൂർ-കൊറ്റുകുളങ്ങര ഭാഗത്തെ നഷ്ടപരിഹാരമാണ് ലഭിക്കാനുള്ളതിൽ കൂടുതലും. മാർച്ച് 31നു മുമ്പ് പരമാവധി പേർക്ക് നഷ്ടപരിഹാരം നൽകാൻ കർമസമിതി രൂപവത്കരിച്ച് പ്രവർത്തനം നടന്നിരുന്നു. 3,498 പേർക്കായി 1,476 കോടി രൂപ എട്ടുദിവസത്തിനകം വിതരണം ചെയ്യാനായിരുന്നു ശ്രമം.ഇതിനായി കലക്ടറേറ്റിൽ 15 ഡെപ്യൂട്ടി തഹസിൽദാർമാരുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥസംഘവും രൂപവത്കരിച്ചിരുന്നു. എന്നാൽ, 250 കോടി രൂപയോളം മാത്രമാണ് സമയത്ത് വിതരണം ചെയ്യാനായത്. ശേഷിച്ച തുകയിൽ 1,000 കോടിയോളം പ്രത്യേക അക്കൗണ്ടിലേക്ക് ചെലവെഴുതിമാറ്റി. 1,800ലധികം ഭൂവുടമകൾ സമർപ്പിച്ച രേഖകളിൽ അപാകമുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെ ഏപ്രിലിൽ ഒരു രൂപപോലും പുതുതായി നൽകാനായില്ല.ലാൻഡ് അക്വിസിഷൻ മാനേജ്മന്റ് സിസ്റ്റം (ലാംപ്‌സ്) സോഫ്റ്റ്‌വെയർ വഴിയാണ് നഷ്ടപരിഹാരം കൈമാറിയിരുന്നത്. പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയ തുക തിരികെ ഭൂവുടമകൾക്ക് കൈമാറാൻ ഇതിൽ സംവിധാനം ഇല്ല. ഇതിനാവശ്യമായ മാറ്റംവരുത്തി അടുത്തയാഴ്ചയോടെ വിതരണം തുടങ്ങുമെന്നാണ് അറിയുന്നത്. മാർച്ച് 31ന് തുക മാറ്റിയ 1,800ലധികം ഭൂവുടമളുടെ നഷ്ടപരിഹാരത്തുക രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്നായിരുന്നു ബന്ധപ്പെട്ടവർ പറഞ്ഞത്. ഒന്നരമാസം കഴിഞ്ഞിട്ടും ഇവരിൽ ഒരാൾക്കുപോലും തുക കിട്ടിയിട്ടില്ല.