തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും ഉറപ്പ് നൽകി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഉറപ്പ് ആവർത്തിച്ചത്.
നാല് വർഷം മുമ്പാണ് സംസ്ഥാനത്തെ 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് ഇടുക്കിയിൽ നിന്നെത്തിയ സർവ്വ കക്ഷി സംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയത്. ജനുവരി പത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗത്തിൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാൻ തീരുമാനിച്ചു. ഇത് നടക്കാതെ വന്നതിനെ തുടർന്ന് ഓർഡിനൻസ് ഇറക്കുമെന്ന് പ്രഖ്യാപിച്ചു. ആറ് മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. ഇതിനിടെ കഴിഞ്ഞ ദിവസം മൂന്നാറിൽ രണ്ടു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ പണിയരുതെന്ന് കോടതി ഉത്തരവിട്ടു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ഇടപെട്ട് സർവ്വ കക്ഷിയോഗം വിളിച്ചത്.