കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് പുതുതായി ഏറ്റെടുക്കേണ്ട 307 ഏക്കർ ഭൂമി ജനവാസമേഖല. കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിക്കാതെ ജനവാസ മേഖലയടക്കം ഏറ്റെടുക്കാൻ ഉത്തരവിറക്കിയത് സിൽവർ ലൈനിന് സമാനമായ വിവാദത്തിന് വഴിതെളിക്കും.ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം അന്തിമ ഉത്തരവിറക്കേണ്ടത് ജില്ല കലക്ടറാണ്. ചെറുവള്ളിയിലേത് സർക്കാർ ഭൂമിയെന്ന് വാദിക്കുന്ന സർക്കാർ, അത് ഏറ്റെടുക്കാൻ ഉത്തരവിറക്കുന്നത് എങ്ങനെയെന്ന നിയമപ്രശ്നവും ഉയരുന്നു.
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് കാട്ടി പാലാ മുൻസിഫ് കോടതിയിൽ സർക്കാർ നൽകിയ ഹരജിയിൽ വാദം തുടങ്ങുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. സർക്കാറിന്‍റെ സ്വന്തമായ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കേണ്ട ആവശ്യമില്ലാതിരിക്കെ, ആരുടെ കൈയിൽനിന്നാണ് അത് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കേണ്ടി വരും.
കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന് ഏറ്റെടുക്കൽ നോട്ടീസ് നൽകിയാൽ അത് അവരുടെ കൈവശാവകാശം ശരിവെക്കലായി മാറുമെന്നും സർക്കാർ ഭൂമിയെന്ന വാദം ദുർബലപ്പെടുമെന്നുമാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭൂമി ഏറ്റെടുക്കാൻ നിർദേശിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ ചെറുവള്ളി എസ്റ്റേറ്റിന്‍റേതടക്കം സർവേ നമ്പറുകൾ പറഞ്ഞിട്ടുണ്ട്.
ഈ നിർദേശം അനുസരിച്ച് ജില്ല കലക്ടറാണ് അന്തിമ ഉത്തരവ് ഇറക്കേണ്ടത്. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥത സർക്കാറിനാണെന്ന് കാട്ടി പാലാ കോടതിയിൽ ഹരജി നൽകിയത് കലക്ടറാണ്.പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യത പഠനം പൂർത്തീകരിച്ച് പുതുക്കിയ റിപ്പോർട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് 2022 ജൂൺ 30ന് സമർപ്പിച്ചിരുന്നു. വിമാനത്താവളത്തിന് സൈറ്റ് ക്ലീയറൻസ് നൽകുന്നതിനുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ നവംബർ 22ന് ഡൽഹിയിൽ കൂടിയിരുന്നു.
എന്നാൽ, അനുമതി നൽകി ഉത്തരവായിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റ് വനം അതിരിടുന്ന ഭൂമിയായതിനാൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും ആവശ്യമാണ്.വിമാനത്തവള പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷനാണ്. കോർപറേഷൻ എം.ഡിയായ എം.ജി. രാജമാണിക്യം റവന്യൂ സ്പെഷൽ ഓഫിസറായിരിക്കെയാണ് ചെറുവള്ളി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി ഏറ്റെടുത്ത് ഉത്തരവിറക്കിയത്.
അതിനിടെ, വിമാനത്താവള റൺവേക്കായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുനിന്ന് സ്ഥലം ഏറ്റെടുക്കുമെന്ന ഉത്തരവ് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആദ്യമായാണ് വിമാനത്താവളം എസ്റ്റേറ്റിന് പുറത്തേക്കും നീളുമെന്ന് സർക്കാർ വ്യക്തമാക്കുന്നത്.പദ്ധതിയെ ആഹ്ലാദത്തോടെ വരവേറ്റിരുന്ന നാട്ടുകാരിൽ പുതിയ ഉത്തരവ് കുടിയിറക്കൽ ഭീതി നിറച്ചിരിക്കുകയാണ്.
പുതുവർഷസമ്മാനമായി സർക്കാർ ഉത്തരവ്; കടമ്പകൾ ഏറെ
കോട്ടയം: ശബരിമല വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കടമ്പകൾ ഏറെ. പ്രാഥമിക ഉത്തരവ് മാത്രമാണിത്. കേന്ദ്രസർക്കാറിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചശേഷമാകും അന്തിമ ഉത്തരവ്. ഇതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനമടക്കം പൂർത്തിയാക്കേണ്ടിവരും.
നേരത്തേയും സമാനരീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2263.18 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കോട്ടയം കലക്ടർക്ക് അനുവാദം നൽകിയായിരുന്നു റവന്യൂ വകുപ്പ് ഉത്തരവ്. ഭൂമിയിലെ കെട്ടിടങ്ങൾക്കും മരങ്ങൾക്കുമുള്ള നഷ്ടപരിഹാരം കോടതിയിൽ കെട്ടിവെക്കുമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ ചെറുവള്ളി എസ്റ്റേറ്റിന്‍റെ കൈവശക്കാരായ ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ഗോസ്പൽ ഓഫ് ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹൈകോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഹൈകോടതി സർക്കാർ ഉത്തരവ് റദ്ദാക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാൻ നിർദേശിക്കുകയും ചെയ്തു.
ഇതിന്റെ തുടർച്ചയായിട്ടാണ് പുതിയ ഉത്തരവ്. സർക്കാർ ഉത്തരവ് പുറത്തുവന്നതിനുപിന്നാലെ എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിലീവേഴ്സ് ചർച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. ഇത് സർക്കാറിന് അംഗീകരിക്കാൻ കഴിയില്ല. ഇതോടെ ബിലീവേഴ്സ് ചർച്ച് നിയമവഴിയിലേക്ക് നീങ്ങുമെന്നാണ് വിവരം. സമവായചർച്ചകൾക്കുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
നിലവിൽ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല ഭരണകൂടം നൽകിയ സിവിൽ കേസ് പാലാ സബ് കോടതിയിലാണ്. ഇത് നിലനിൽക്കെ, സർക്കാറിന് ഭൂമി ഏറ്റെടുക്കാൻ തടസ്സമില്ലെങ്കിലും കേന്ദ്ര അനുമതിയടക്കം ലഭിച്ചാലേ ഇതിലേക്ക് ചുവടുവെക്കാൻ കഴിയുകയൂവെന്ന് നിയമവിദഗ്ധർ പറയുന്നു.