ന്യൂഡൽഹി: അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ. സംഭവത്തെ തുടർന്ന് ഇന്ത്യ-ചൈന അതിർത്തിക്കടുത്തെ ദിബങ് താഴ്വര ഒറ്റപ്പെട്ടു. ബുധനാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്നാണ് ഉരുൾപ്പൊട്ടലുണ്ടായത്.
ഉരുൾപ്പൊട്ടലിനെ തുടർന്ന് ഹുനലിക്കും അനിനിക്കുമിടയിൽ ഹൈവേ പൂർണമായും തകർന്നു. ഇപ്പോൾ ദിബങ് താഴ്വരയിൽ ഭക്ഷ്യവസ്തുക്കൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും ക്ഷാമം നേരിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഉരുൾപൊട്ടലിന്റെ വിഡിയോ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എക്സിലൂടെ ഷെയർ ചെയ്തു. ഹൈവേ തകർന്നതിനെ തുടർന്ന് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നതായി അറിയുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കണക്ടിവിറ്റി പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.