മൂന്നാർ: വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയിൽ വലിയ ഉരുൾപൊട്ടലുണ്ടായി. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡിൽ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്. ഇതുവഴിയുള്ള ഗാതഗതം ജില്ലാഭരണകൂടം നിരോധനം എർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകി വന്നതിനാൽ ഇതുവഴിയുള്ള ഗാതഗതം പുനസ്ഥാപിക്കാൻ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഈ മേഖലയിൽ ആൾ താമസമില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.കഴിഞ്ഞ ദിവസവും വട്ടവട മേഖലയിൽ കൃഷി ഭൂമിയടക്കം ഇടിഞ്ഞ് താണിരുന്നു.
ഇടുക്കിവെള്ളത്തൂവൽ ശല്യാംപാറ പണ്ടാരപ്പടിയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇവിടെയും ആളപായമില്ല. ഒരു വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ബൈക്ക് മണ്ണിനടിയിലായി. അർധരാത്രിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് തടസ്സപ്പെട്ട വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.
സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയർത്തി തീവ്ര ന്യൂനമർദ്ദ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഓഗസ്റ്റ് 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.