കൊളംബോ : കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം അവിടെ തുടരുകയാണ്. ഗോതബയ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന പ്രസ്താവനയ്ക്കും പ്രതിഷേധക്കാരുടെ മനസുമാറ്റാൻ സാധിച്ചില്ല. ഗോതബായ രാജി വച്ചാൽ സ്പീക്കർ അബെയവർധനയ്ക്കാവും താൽക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും. പ്രസിഡന്റിന്റെ ചുമതല സ്പീക്കർ പരമാവധി 30 ദിവസം വഹിക്കും.
അതിനിടെ, സമാധാനം നിലനിർത്താൻ പൊതുജന സഹകരണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. സ്ഥാനത്ത് തുടരും വരെ ഗോതബായക്ക് സംരക്ഷണം നൽകുമെന്നും സൈന്യം അറിയിച്ചു. അതേസമയം, ശ്രീലങ്കയിലെ സാഹചര്യത്തിൽ തൽക്കാലം ഇടപെടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അഭയാർത്ഥി പ്രവാഹ സാധ്യതയിൽ സംസ്ഥാനങ്ങൾക്ക് നിരീക്ഷണത്തിന് നിർദ്ദേശം നൽകി. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.