അമൃത്സർ: ബിജെപിയുടെ ബഹിഷ്കരണ ആഹ്വാനം തള്ളി ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിൽ വൻ ജനപങ്കാളിത്തം. ആർഎസ്എസോ, ബിജെപിയോ ശ്രമിച്ചാൽ യാത്ര തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. സിഖ് വികാരം ഇളക്കാൻ ശ്രമിച്ച് ശിരോമണി അകാലിദളും യാത്രക്കെതിരെ നിലപാടെടുത്തു രംഗത്തു വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് പോലും ഉന്നയിക്കാത്ത വിമർശനങ്ങളാണ് ഭാരത് ജോഡോ യാത്രക്കെതിരെ ബിജെപി തൊടുത്ത് വിട്ടത്. സിഖ് വിരുദ്ധ നിലപാടാണ് കോൺഗ്രസിൻറേത് പഞ്ചാബ് ജനതക്കെതിരാണ് എക്കാലത്തും കോൺഗ്രസ്. അതുകൊണ്ട് പൊതുജനം ഭാരത് ജോഡോ യാത്ര ബഹിഷക്കരിക്കണം. യാത്ര പഞ്ചാബിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ ബിജെപി വക്താവ് ജയ് വീർ ഷെർഗിൽ നടത്തിയ പ്രതികരണമാണിത്.
എന്നാൽ ഇന്ന് യാത്ര തുടങ്ങിയ സിർഹിന്ദ് മുതൽ വലിയ ആൾക്കൂട്ടം രാഹുലിനെ അനുഗമിക്കുകയാണ്.പഞ്ചാബിന് ഹരിയാന പതാക കൈമാറിയ ചടങ്ങിലും വലിയ ജനപങ്കാളിത്തമുണ്ടായി. യാത്ര പരാജയപ്പെടുമെന്നാണ് ബിജെപിയും ആർഎസ്എസും കരുതിയതെന്നും പഞ്ചാബിലെ ആൾക്കൂട്ടവും അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചുവന്ന സിഖ് തലപ്പാവ് ധരിച്ചാണ് പഞ്ചാബിൽ രാഹുൽ നടക്കുന്നത്.
അതേസമയം ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തിയപ്പോൾ പഴയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സംഭവം ഓർമ്മപ്പെടുത്തി സിഖ് വികാരമുണർത്താനാണ് ശിരോമണി അകാലിദളിൻറെ ശ്രമം. പഞ്ചാബിനെ ചതിച്ച ഗാന്ധി കുടംബത്തിൻറെ പിന്മുറക്കാരനാണ് രാഹുൽഗാന്ധിയെന്നും, പഴയ സംഭവത്തിൽ രാഹുൽ ഇനിയും മാപ്പ് പറഞ്ഞിട്ടില്ലെന്നുമാണ് നേതൃത്വത്തിൻറെ പ്രതികരണം.
അതേ സമയം യാത്രയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അകലം പാലിക്കുമ്പോൾ തന്നെ ചില നേതാക്കൾ യാത്രയെ പുകഴ്തത്തുന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ രാഹുൽ യോഗ്യനാണെന്ന ശത്രുഘ്നൻ സിൻഹ എംപിയുടെയും, ചിരഞ്ജിത് ചക്രവകർത്തിയുടെയും പ്രതികരണങ്ങളിൽ തൃണമൂൽ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.