ഫ്ലോറിഡയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി. ഏറെക്കാലമായി ഫ്ലോറിഡയിൽ പെരുമ്പാമ്പുകളുടെ എണ്ണം കൂടുകയും പ്രദേശത്തെ മറ്റ് ജീവികളുടെ നിലനിൽപ് ഭീഷണിയിലാവുകയും ചെയ്യുന്നതിനാൽ പെരുമ്പാമ്പുകളെ കണ്ടെത്തി കൊല്ലുന്നുണ്ട്. എവർഗ്ലേഡിലെ ഒളിഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്ന് മറ്റൊരു പെരുമ്പാമ്പിനെ ഉപയോഗിച്ചാണ് ഗവേഷകർ ഈ പെൺപെരുമ്പാമ്പിനെ ആകർഷിച്ചത്. 18 അടി (5.4 മീറ്റർ) നീളവും 98 കിലോഗ്രാം ഭാരവുമുള്ള ഒരു പെൺ പാമ്പായിരുന്നു ഇത്. ഇതുവരെ ഫ്ലോറിഡയിൽ കണ്ടെത്തിയ ഏറ്റവും വലിയ പാമ്പിനേക്കാൾ 13 കിലോ കൂടുതലാണ് ഇതിന്റെ ഭാരം. 20 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബയോളജിസ്റ്റുകൾ അതിനെ പിടികൂടിയത്.
സാധാരണയായി ഇവിടെ പെരുമ്പാമ്പുകളെ പെറ്റുകളായി വളർത്താറുണ്ട്. എന്നാൽ, ഉടമകൾ ഒരുഘട്ടം കഴിയുമ്പോൾ ഇവയെ എങ്ങോട്ടെങ്കിലും ഇറക്കി വിടുന്നു. അതിനാലും തന്നെ പലയിടങ്ങളിലും പെരുമ്പാമ്പുകളെ കാണാറുണ്ട്. റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഡയോനിസസ് എന്ന ആൺ പെരുമ്പാമ്പിനെ ഉപയോഗിച്ചാണ് ജീവശാസ്ത്രജ്ഞർ അവളെ കണ്ടെത്തിയത്.
ഈ പെരുമ്പാമ്പ് ഗർഭിണിയായിരുന്നു. അതിന്റെ വയറ്റിൽ 122 മുട്ടകളുണ്ടായിരുന്നു. ഇവിടെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ആൺ പെരുമ്പാമ്പിന് 16 അടിയായിരുന്നു നീളം. പിടികൂടിയ പെൺപെരുമ്പാമ്പിന് 20 വയസ് പ്രായം വരുമെന്ന് കരുതുന്നു. പ്രദേശത്തെ ആവാസവ്യവസ്ഥയിലെ തദ്ദേശീയ ജീവികളെ സംരക്ഷിക്കുന്നതിനായി ഗവേഷകർ 10 വർഷത്തിലേറെയായി ഫ്ലോറിഡയിൽ പെരുമ്പാമ്പുകളെ വേട്ടയാടുന്നു.
2013 -ൽ സ്ഥാപിതമായതു മുതൽ, സൗത്ത് വെസ്റ്റ് ഫ്ലോറിഡയുടെ കൺസർവൻസി, തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലെ 100 ചതുരശ്ര മൈലിൽ നിന്ന് 1,000 പെരുമ്പാമ്പുകളെ നീക്കം ചെയ്തിട്ടുണ്ട്. പെരുമ്പാമ്പുകളെ വേട്ടയാടുന്നതിന് പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് ഫ്ലോറിഡ ഒരു വാർഷിക മത്സരവും നടത്തുന്നു. “പൈത്തൺ ചലഞ്ച്” ഓഗസ്റ്റ് 5 മുതൽ 14 വരെയാണ് നടക്കുന്നത്. 25 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് 600 ഓളം പേരെങ്കിലും ഇതിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും കൂടുതൽ പാമ്പിനെ കണ്ടെത്തുന്നവർക്ക് ഏകദേശം രണ്ട് ലക്ഷം രൂപയും ഏറ്റവും നീളമുള്ള പാമ്പിനെ കണ്ടെത്തുന്നവർക്ക് ഏകദേശം ഒരുലക്ഷം രൂപയുമാണ് സമ്മാനം. കഴിഞ്ഞ വർഷത്തെ വിജയി 233 പെരുമ്പാമ്പുകളെയാണ് പിടിച്ചത്. പിന്നീട് ഇവയെ എല്ലാം ദയാവധം നടത്തി.