ഹൈദരാബാദ്: ഹൈദരാബാദിൽ ഭീകരബന്ധം സംശയിച്ച് നടത്തിയ റെയ്ഡിൽ പിടികൂടിയത് നാല് ഗ്രനേഡുകൾ. മൂന്ന് പേരുടെ വസതികളിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത ഗ്രനേഡുകൾ, പാകിസ്താൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതിന് സമാനമാണെന്നും ഇവയിൽ മെയ്ഡ്-ഇൻ-ചൈന അടയാളമുണ്ടെന്നും തെലങ്കാന പൊലീസിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്ന് പിടികൂടിയ ഗ്രനേഡുകൾ പാക് ഡ്രോണുകൾ എത്തിച്ച് നൽകിയാതാകാമെന്നും പൊലീസ് വ്യക്തമാക്കി. ഹൈദരാബാദിലെ ലഷ്‌കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നാണ് ഗ്രനേഡുകൾ പിടികൂടിയത്. ഗ്രനേഡുകൾ ഉപയോഗിച്ച് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും പൊലീസ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സംഭവത്തിന് പിന്നിലുള്ള ഭീകര ശൃംഖലയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ. ലഷ്‌കറെ ത്വയിബയുമായി പിടിയിലായവർക്ക് ബന്ധം കണ്ടെത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ചൈനീസ് നിർമ്മിത ഗ്രനേഡുകൾ തലവനായ സഹെദിന് അയച്ചുകൊടുത്തവരെക്കുറിച്ച് സൂചന ലഭിച്ചു. ഹരിയാനയിൽ നിന്ന് മഹാരാഷ്ട്രയിലെ നാന്ദേഡിലേക്ക് തെലങ്കാന വഴി പാകിസ്താൻ സ്ഫോടകവസ്തുക്കൾ കടത്തുന്നതിന് സമാനമാണ് ഇവിടെയും നടന്നത്. കഴിഞ്ഞ മേയിൽ ഡ്രോൺ വഴി എത്തിച്ച ഗ്രനേഡുകൾ പിടിച്ചെടുത്തത്. പഞ്ചാബ് അതിർത്തിയിൽ പാകിസ്താൻ ഡ്രോണുകളാണ് ആയുധങ്ങൾ എത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഞായറാഴ്ച അറസ്റ്റിലായ സാഹെദ് തന്റെ സഹായികളായ ഫർഹത്തുള്ള ഘോരി, സിദ്ദിഖ് ബിൻ ഒസ്മാൻ, അബ്ദുൾ മജീദ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഇവർ നിലവിൽ പാകിസ്താനിലാണ്. റാവൽപിണ്ടിയിൽ നിന്നാണ് ഓപറേഷൻ നിയന്ത്രിക്കുന്നത്. ദസറയിൽ പൊതു സ്ഥലങ്ങളിൽ ഭീകരത സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നും പൊലീസ് പറയുന്നു.
‘ഇന്ത്യയിലേക്ക് കടത്തുന്നതിന് മുമ്പ് ചൈനീസ് വെടിമരുന്ന് പാകിസ്താനിൽ എത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പിടികൂടിയ ഗ്രനേഡുകളിലൊന്ന് ഒരു പ്രതിയുടെ കട്ടിലിനടിയിൽ പെട്ടിയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരിൽ നിന്ന് ഉറവിടം വ്യക്തമാക്കാത്ത 5.4 ലക്ഷം രൂപയും പിടികൂടി. കോഡ് ഭാഷയിലാണ് പ്രതികൾ പാകിസ്താനിലുള്ള ഭീകരരുമായി സംസാരിച്ചത്. ആപ്പ് വഴിയായിരുന്നു ആശയവിനിമയം.