ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഒരു ലഷ്കർ-ഇ-തൊയ്ബ ഭീകരനെ സുരക്ഷാ സേന പിടികൂടി. പോലീസും സുരക്ഷാ സേനയും നടത്തിയ പരിശോധനയിലാണ് നിരോധിത ഭീകര സംഘടനയായ എൽഇടി/ടിആർഎഫുമായി ബന്ധമുള്ള തീവ്രവാദിയെ പിടികൂടിയത്. ഇയാളുടെ കൈവശം കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഭീകര നീക്കം സംബന്ധിച്ച വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ബാരാമുള്ളയിലെ ഉഷ്കരയിൽ സുരക്ഷാ സേന ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ പോലീസിനെയും സുരക്ഷാ സേനയെയും കണ്ട് ഭീകരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഭീകരനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഉഷ്കര സ്വദേശിയായ മുദാസിർ അഹമ്മദ് ഭട്ടാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് രണ്ട് ഗ്രനേഡുകളും 40,000 രൂപയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബാരാമുള്ളയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.