മനുഷ്യന്‍റെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങള്‍ക്കും ഉറക്കം ഒരു പ്രധാനഘടകമാണ്. ആരോഗ്യവാനായ ഒരു മനുഷ്യന്‍ രാത്രി ശരാശരി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. ചിലരിൽ ഉറക്കക്കുറവ് മൂലം നിരവധി മാനസിക – ശാരീരിക പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കും.
ഉറക്കവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. അമേരിക്കയിലെ റട്‌ജേഴ്‌സ് സർവകലാശാലയാണ് പഠനം നടത്തിയത്.
രാവിലെ നേരത്തേ ഉണരുന്നവർ ഊർജത്തിനായി ശരീരത്തിലെ കൊഴുപ്പിനെയാണ് ആശ്രയിക്കുന്നതെന്നും എന്നാൽ രാത്രി വൈകിയുറങ്ങി രാവിലെ വൈകി എഴുന്നേക്കുന്നവരിൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. പ്രമേഹത്തിനു കാരണമാകുന്ന ഇൻസുലിൻ വ്യതിയാനങ്ങളും ഇവരിൽ അധികമാണെന്നും പഠനം പറയുന്നു. ഇവയാണ് പ്രമേഹ, ഹൃദ്രോഗ സാധ്യത കൂട്ടുന്ന കാര്യങ്ങളെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നു.
മധ്യവയസ്കരായ 51 പേരിലാണ് പഠനം നടത്തിയത്. എക്സ്പെരിമെന്റൽ ഫിസിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അമ്പത്തൊന്നു പേരെ ഇരു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. നേരത്തേ കിടന്നുറങ്ങി നേരത്തേ എഴുന്നേൽക്കുന്നവർ ഒരു വിഭാഗവും വൈകിയുറങ്ങി വൈകിയെഴുന്നേൽക്കുന്നവരെ മറ്റൊരു വിഭാഗവുമാക്കി. രണ്ട് വിഭാഗങ്ങളുടെയും ശരീരത്തിലെ ബോഡി മാസ്, ശരീരഘടന, ഇൻസുലിൻ സെൻസിറ്റിവിറ്റി, ശ്വാസത്തിന്റെ സാമ്പിളുകൾ എന്നിവയെല്ലാം പഠനത്തിന് വിധേയമാക്കി. ഒരാഴ്ച്ചയോളം ഇവരുടെ ദൈനംദിന പ്രവർത്തനങ്ങളും പഠനവിധേയമാക്കിയിരുന്നു. നേരത്തേ കിടന്നുറങ്ങി എഴുന്നേൽക്കുന്നവരിലാണ് വ്യായാമം ചെയ്യുന്ന സമയത്തും അതിനുശേഷവും ഊർജത്തിനായി കൂടുതൽ കൊഴുപ്പ് ഉപയോഗിക്കുന്നത് എന്നും പഠനം പറയുന്നു.