കോഴിക്കോട്: 24.2 ലക്ഷം രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് നടന്ന കോഴിക്കോട് കൊടിയത്തൂർ ബാങ്കിലെ അപ്രൈസറായ മുക്കം പന്നിക്കോടു പരവരയിൽ മോഹൻദാസിനെ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 11 മണിയോടെയാണ് ഇയാളെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. രണ്ടു കൈകളും ട്രെയിനിന് അടിയിൽപ്പെട്ട് അറ്റുപോയ നിലയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മുക്കുപണ്ടം പണയം വച്ച് മൊത്തം 31 ലക്ഷത്തോളം രൂപ തട്ടിയ കേസുകളിൽ കോൺഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് ഉൾപ്പെടെ പ്രതികളാണ്. സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും, ബാബു സ്ഥാനം രാജി വയ്ക്കണമെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ബാബുവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പൊലീസ് പ്രതിയെ സഹായിക്കുകയാണെന്ന് എൽഡിഎഫും ആരോപിച്ചിരുന്നു. ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ കോടതി തള്ളിയിരുന്നു. അപ്രൈസർക്കെതിരെയോ ബാങ്കിനെതിരെയോ നിലവിൽ കേസൊന്നും എടുത്തിട്ടില്ല.ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്ന് 24.2 ലക്ഷം രൂപയും കാർഷിക–ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമൂഴി ശാഖയിൽ നിന്ന് 7.2 ലക്ഷം രൂപയും തട്ടിയിട്ടുണ്ട്. കൊടിയത്തൂരിൽനിന്ന് മൂന്നര ലക്ഷം തട്ടിയ കേസിലാണ് ബാബുവിനെ പ്രതി ചേർത്തത്. ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സന്തോഷ് കുമാർ എന്നിവരെ പിടികൂടിയിട്ടുണ്ട്.