തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിരാഹാര സമരവുമായി ലത്തീൻ അതിരൂപത. പോർട്ട് ഗേറ്റിന് മുന്നിൽ സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസിന്‍റെ നേതൃത്വത്തിലാണ് നിരാഹാര സമരം. ഗേറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയപ്പിച്ചെന്ന് പരാതി. എന്നാല്‍ പ്രതിഷേധത്തിന്‍റെ പേരിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്നായിരുന്നു ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പദ്ധതിയിൽ എതിർപ്പുള്ളവർക്ക് നിയമത്തിന്‍റെ പരിധിയിൽ നിന്ന് പ്രതിഷേധമാകാമെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പൊലീസ് പ്രതിഷേധക്കാർക്ക് കൂട്ട് നിൽക്കുകയാണെന്നും സമരം കാരണം പദ്ധതി പൂർണ്ണമായി നിശ്ചലമായെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചു. വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നും പൊതുപണം അടക്കം ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാൽ സമരം സമാധാനപരമായാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാർ കോടതിയെ അറിയിച്ചു. പരാതികൾ ഉചിതമായ ഫോറത്തിലാണ് അറിയിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ ബുധനാഴ്ച വിശദമായ വാദം കേൾക്കും.