തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ നാളെ മുതൽ സമരം ശക്തമാക്കാൻ ലത്തീൻ സഭ. ഉപരോധ സമരത്തിനൊപ്പം ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ നാളെ വൈദികർ ഉപവാസവുമിരിക്കും. സമരത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇന്ന് വീണ്ടും പള്ളികളിൽ സർക്കുലർ വായിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെയും മുൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും നേതൃത്വത്തിൽ സമരസമിതിയിലെ വൈദികരും അൽമായരുമാണ് നാളെ ഉപവാസ സമരത്തിന് തുടക്കമിടുന്നത്. വരും ദിവസങ്ങളിൽ വിവിധ വൈദികരാകും ഉപവസിക്കുക കേരള റീജയണൽ ലാറ്റിൻ കാത്തലിക്ക് കൗണസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക് നീങ്ങാനും തീരുമാനം ഉണ്ട്.
മൂലമ്പിള്ളി ടു വിഴിഞ്ഞം എന്ന പേരിൽ മാർച്ചും നടത്തും. മന്ത്രിതല ചർച്ചയിലെ തീരുമാനപ്രകാരം ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള ധനസഹായം നാളെ മുതൽ വിതരണം ചെയ്യും. നിസ്സാര ധനസഹായം നൽകി സമരത്തെ ഒതുക്കി തീർക്കാനാണ് സർക്കാരിൻ്റെ ശ്രമമെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് ലത്തീൻ അതിരൂപതയുടെ വിമർശനം. തുറമുഖ നിർമ്മാണ നിർത്തിവച്ചുള്ള പഠനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് ഇന്ന് പള്ളികളിൽ സർക്കുലർ വായിച്ചത്.
അതേസമയം കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം നാളെ തുടങ്ങും 102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക. വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.
ഓണത്തിന് മുമ്പ് ക്യാന്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാർപ്പിക്കും എന്നായിരുന്നു ചർച്ചയിലെ തീരുമാനം. എന്നാൽ നിസ്സാര ധനസഹായം നൽകി മത്സ്യതൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീൻ അതിരൂപതയുടെ വാദം. ധനസഹായ വിതരണ ചടങ്ങിൽ പങ്കെടുക്കില്ലെന്നും ലത്തീൻ അതിരൂപത അറിയിച്ചിട്ടുണ്ട്. തീരശോഷണവും കടലാക്രമണവും മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങൾ തിരുവനന്തപുരത്ത്
ഉണ്ടെന്നാണ് സർക്കാരിൻ്റെ കണക്ക്.