തിരുവനന്തപുരം: കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാളത്തിലാണ് ഇടുക്കി രൂപതക്കെതിരെ കടുത്ത വിമർശനം. മാലാഖമാർ കയറാൻ മടിക്കുന്ന ഇടങ്ങളിൽ സാത്താൻ കയറിയിരുന്ന് ബ്രേക്ക് കളിക്കുന്ന കാലമാണിതെന്ന് സഭയുടെ തലപ്പത്തിരിക്കുന്നവർ ഓർക്കണമെന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.
ഇടുക്കി രൂപതയുടെ അധികാരികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും രൂപതയെ ഓർമപ്പെടുത്തി. കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവർ സഭാ സാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നും. ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും ലേഖനത്തിൽ വിമർശിച്ചു.
ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പരിവാർ തിങ്ക് ടാങ്കിന്റെ തന്ത്രം നടപ്പാക്കാനുള്ള കോടാലിയായി ആരും പ്രവർത്തിക്കരുതെന്നും മുഖപത്രം പറയുന്നു. അതേസമയം, പ്രണയം ഒരു കെണിയാണെന്നാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് വിശദീകരണമായി ഇടുക്കി രൂപതയിലെ ഒരു വൈദികൻ പറഞ്ഞത്.