അട്ടപ്പാടി : മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന് വി. നന്ദകുമാര്‍ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി, അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തന്നെയായിരിക്കും കേസ് നടത്തുക. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല. മധുവിന്റെ കൊലപാതകം കോടതി പരിഗണിക്കുമ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എവിടേയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു.
ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് എതരെ രംഗത്തെത്തി. കേസ് സിബിഐ അമ്പേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയില്‍ കേസില്‍ നിലപാട് വ്യക്തമാക്കി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയര്‍ന്ന സാഹചര്യത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി തുടരുന്നതില്‍ താല്പര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ ആവശ്യപ്പെട്ട രേഖകള്‍ പോലീസ് കൈമാറാതെ വിസ്താര നടപടികള്‍ തുടങ്ങാന്‍ കഴിയില്ല. ആദ്യ കുറ്റപത്രത്തില്‍ പഴുതുകള്‍ ഉണ്ടായിരുന്നു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യം യുക്തിസഹമാണ്. ഔദ്യോഗികമായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാല്‍ പോലീസ് അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അഡ്വ രഘുനാഥ് അറിയിച്ചു.