പുല്‍പ്പള്ളി : വയനാട് ഇരുളത്ത് അഭിഭാഷകൻ ആത്മഹത്യ ചെയ്യാനിടയായ ജപ്തി നടപടിയിൽ പോലീസ് അതിക്രമം കാണിച്ചെന്ന് മരിച്ച ടോമിയുടെ ബന്ധുക്കൾ. കേണിച്ചിറ എസ്.ഐ വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുകയും ജനൽ തകർക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്‍റെ പരാതി . വീടും സ്ഥലവും വിറ്റ് വായ്പ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്കിലെ ചില ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് മുൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമിയെ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപ തിരിച്ചടക്കണമായിരുന്നു. ലോൺ അടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ പോലീസ് സംരക്ഷണത്തോടെ വീട്ടിൽ എത്തിയിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ടോമി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജപ്തി ഏതു വിധേനയും നടപ്പിലാക്കാൻ ബാങ്ക് ഉദ്യോഗസ്ഥരേക്കാൾ തിടുക്കം പോലീസിനായിരുന്നുവെന്നാണ് ടോമിയുടെ ബന്ധുക്കളുടെ പരാതി. ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം എത്തി ഗേറ്റും വാതിലുകളും ജനലും ചവിട്ടിപ്പൊളിക്കാൻ നേതൃത്വം നൽകിയത് കേണിച്ചിറ എസ്.ഐ റോയിയാണെന്നാണ് ടോമിയുടെ സഹോദരൻ കുര്യൻ ആരോപിച്ചു.
കേണിച്ചിറ എസ്.ഐക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഎം ഉൾപ്പടെയുള്ള വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മാനുഷിക പരിഗണനപോലും ഉദ്യോഗസ്ഥരിൽ നിന്നുണ്ടായില്ലെന്ന് ടോമിയുടെ ഭാര്യ പുഷ്പ കുറ്റപ്പെടുത്തി. എന്നാൽ നിയമവിരുദ്ധമായി യാതൊന്നും ചെയ്തില്ലെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും പോലീസിന്‍റെയും നിലപാട്. കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്നുമാണ് ബാങ്കിന്‍റെ ന്യായീകരണം.