കൊച്ചി : ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനക്കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതിനെതിരെ അഭിഭാഷകരുടെ സംഘടന. ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു. നിയമപരമല്ലാത്ത നടപടിയാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ആരോപിച്ചു.
ക്രൈംബ്രാഞ്ചിന്റെ നടപടിക്കെതിരായി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നുള്‍പ്പെടെ അസോസിയേഷന്‍ സൂചിപ്പിച്ചിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈംബ്രാഞ്ച് രാമന്‍ പിളളയ്ക്ക് നോട്ടിസ് നല്‍കിയത്. ഇതിന് പിന്നാലെ ക്രൈം ബ്രാഞ്ച് നോട്ടിസിന് അഡ്വ. ബി രാമന്‍ പിള്ള മറുപടി നല്‍കിയിരുന്നു. താന്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസില്‍ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തില്‍ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍പോലും ഇല്ല. അതിനാല്‍ തന്നെ ഈ ആരോപണത്തില്‍ തനിക്ക് ഹാജരാകാനോ വിശദീകരണം നല്‍കാനോ കഴയില്ലെന്ന് അഡ്വ. ബി രാമന്‍ പിള്ള ക്രൈം ബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുകയായിരുന്നു.
തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കിയിരുന്നു.തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ തുടര്‍ അന്വേഷണത്തിന് ദിലീപ് തടസ്സം നില്‍ക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.