തിരുവനന്തപുരം : സ്വര്‍ണക്കടത്ത് ആരോപണങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും പ്രതിരോധിക്കാന്‍ ഇടതുമുന്നണിയുടെ മഹാറാലികള്‍ക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. വൈകീട്ട് നാല് മണിക്ക് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്നണിയുടെ നിലപാടുകൾ വിശദീകരിക്കും. മുഖ്യമന്ത്രിക്ക് പിന്തുണയുമായി പടുകൂറ്റന്‍ റാലിയാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായാണ് ആരോപണമെന്നതിനാല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം ആയുധമാക്കി പ്രതിപക്ഷത്തിനെതിരായ കടന്നാക്രമണമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. സ്വപ്ന സുരഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ വിശ്വാസ്യത ഒന്നും കിട്ടിയിട്ടില്ലെന്നാണ് എല്‍ ഡി എഫ് വിലയിരുത്തൽ. മുഖ്യഘടകക്ഷികള്‍ക്ക് പുറമേ മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളും രാഷ്്ട്രീയ വിശദീകരണ യോഗങ്ങളുടെ ഭാഗമാവും