ദില്ലി: ആർഎസ്എസുമായി സിപിഎമ്മിന് ഒരു ഒത്തുതീർപ്പുമില്ല പാർട്ടി പിബി അംഗം എംഎ ബേബി. തൃശ്ശൂരിൽ എൽഡിഎഫിന് വോട്ട് കൂടി, വോട്ട് കുറഞ്ഞത് യുഡിഎഫിനാണ്. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എംവി ഗോവിന്ദൻ മാഷ് പറഞ്ഞ മറുപടി തന്നെയാണ് തങ്ങൾക്കും. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു.പൂരത്തിന് സംഭവിച്ചത് ഒരാൾക്കും അനുകൂലിക്കാൻ പറ്റാത്ത സംഭവങ്ങളാണ്. അതുമായി സംബന്ധിച്ച ഗൂഢാലോചനകളെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവരട്ടെ. സംസ്ഥാന നേതൃത്വം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും എന്ന് നോക്കട്ടെ. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആർഎസ്എസുമായി ഒരുതരത്തിലുള്ള ഒത്തുതീർപ്പമില്ല. പണ്ട് തലശ്ശേരി തെരഞ്ഞെടുപ്പ് കാലത്ത് ആർഎസ്എസിന്റെ വോട്ട് ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് ഇഎംഎസ് പറഞ്ഞതാണ്.
തൃശ്ശൂരിൽ ഡീൽ ഉണ്ട് എന്ന മട്ടിൽ സംസാരിച്ചത് വി ഡി സതീശനാണ്. എന്നാൽ തൃശ്ശൂരിൽ ഇടതുപക്ഷത്തിന് വോട്ട് വർദ്ധിക്കുകയാണ് ചെയ്തത്. യുഡിഎഫിനാണ് വോട്ട് കുറഞ്ഞത്. വലിയ ഗണിതശാസ്ത്രം ഒന്നുമറിയാതെ തന്നെ ഇത് കണ്ടുപിടിക്കാം. എൽഡിഎഫിന് പതിനാറായിരത്തോളം വോട്ട് കൂടി. ആ സ്ഥിതിയിൽ ബിജെപിയും ആയി എൽഡിഎഫിന് ധാരണയുണ്ടെന്ന് പറയാൻ അസാമാന്യമായ ധൈര്യം വേണം. വിഡി സതീശൻ തന്റെ സുഹൃത്താണെന്നും അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.