തിരുവനന്തപുരം> എൽഡിഎഫ് സർക്കാർ ശരിയായ പാളത്തിൽതന്നെയാണെന്നും ഒരു പാളംതെറ്റലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പവർ ബ്രോക്കർമാർ സെക്രട്ടറിയറ്റിൽ പ്രവർത്തിക്കുന്നെന്ന പ്രതിപക്ഷ ആരോപണം പഴയ ഓർമവച്ചാണ്. ആ സമ്പ്രദായം 2016 ഓടെ അവസാനിച്ചു. ഒരു പവർ ബ്രോക്കർമാർക്കും ഇപ്പോൾ കാര്യം നേടാനാവില്ല. മെറിറ്റിനാണ് പ്രധാന്യം–- ധനാഭ്യർഥന ചർച്ചയ്‌ക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പശ്ചാത്തല സൗകര്യ വികസന പദ്ധതികളെ കാര്യക്ഷമമായി ചലിപ്പിക്കുന്ന എൽഡിഎഫ് സർക്കാരിനെ കട്ടപ്പുറത്തെ സർക്കാർ എന്നാണ് അധിക്ഷേപിക്കുന്നത്. എന്നാൽ, സർക്കാർ കട്ടപ്പുറത്തല്ല. കട്ടപ്പുറത്തായ പദ്ധതികളെ ചലിപ്പിച്ച സർക്കാരാണിത്. മൂലധന ചെലവുകൾക്കായി സർക്കാർ ഉൾക്കാഴ്ചയോടെ നടപ്പാക്കുന്ന പദ്ധതികളെയാകെ സാമ്പത്തിക സ്രോതസ്സുകൾ ഞെരുക്കി തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനെ പിന്തുണയ്‌ക്കുകയാണ് കോൺഗ്രസും യുഡിഎഫും.
സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി കാണുന്നതും കുറ്റങ്ങളും കുറവുകളും ജനങ്ങൾക്കു മുമ്പാകെ കൊണ്ടുവരുന്നതും പ്രതിപക്ഷത്തിന്റെ കടമയാണ്. പക്ഷെ, സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് അനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാരിനു മുന്നിൽ വാദിക്കുന്നത് പ്രതിപക്ഷത്തിന്റെ കടമയല്ല, ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കിഫ്‌ബി പോലുള്ള സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിനുമുണ്ട്. എന്നാൽ, കേരളത്തിന് ഇതൊന്നും പാടില്ല എന്നാണ് കേന്ദ്ര സമീപനം. അതിനെയാണ് ഇവിടത്തെ കോൺഗ്രസ് പിന്തുണയ്‌ക്കുന്നത്. കേന്ദ്ര സർക്കാർ നടത്തുന്ന ആക്രമണങ്ങൾ കേരളത്തിലെ സർക്കാരിനും ഇടതുപക്ഷത്തിനും ക്ഷീണമാകുമെങ്കിൽ അതങ്ങനെയാകട്ടെ എന്ന ഹ്രസ്വദൃഷ്ടിയാണ് കോൺഗ്രസിനുള്ളത്.
കേരളത്തിൽ ബിജെപിക്ക് ഇടം ഇല്ലാതാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തമാശയാണ്. ബിജെപിക്ക് കേരളത്തിൽ നേരത്തെ ഇടമുണ്ടായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. അത് ഇല്ലാതാക്കിയത് വി ശിവൻകുട്ടിയാണ്. എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത് കണ്ട് പ്രതിപക്ഷം വല്ലാതെ വിഷമിക്കേണ്ടതില്ല. ആർഎസ്‌എസ് നടത്തുന്ന കൊലപാതകങ്ങളിൽ ഇപ്പോൾ കുറവ് വന്നിട്ടുണ്ട്. അതിൽ പ്രതിപക്ഷ നേതാവിന് എന്തോ വിഷമം ഉള്ളതുപോലെ തോന്നുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗം പൂർണ്ണരൂപത്തിൽ
കേരളത്തിൻറെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തേയ്ക്കുള്ള അടങ്കൽ 39640 കോടി രൂപയാണ്. ഇതിൽ 27 ശതമാനത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കി വച്ചിട്ടുണ്ട്. ഇത് ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ. കേരളത്തിലെ കടം ആഭ്യന്തര വരുമാന അനുപാദം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. ധനക്കമ്മി ആഭ്യന്തര വരുമാനത്തിൻറെ 4.57 ശതമാനമായിരുന്നു 2020-21 ൽ. ഇത് 2022-23 ൽ 3.61 ആയി കുറയുകയാണ്. 2023-24 ൽ ഇത് 3.50 ശതമാനാമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതുപോലെ തന്നെ റവന്യൂ കമ്മി 2020-21 ൽ 2.60 ശതമാനമായിരുന്നത് 2022-23 ൽ 1.96 ആയി കുറയുകയാണ്. ഇത് സാമ്പത്തിക കെടുകാര്യസ്ഥതയുടെ ലക്ഷണമല്ല. എന്നാൽ എല്ലാം സുഭിക്ഷമാണെന്നല്ല. കേന്ദ്ര സർക്കാരിൻറെ നയങ്ങൾ മൂലം സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്നുണ്ട്. ഈ കണക്കുകൾ കൂടി കാണണം. നമ്മുടെ തനത് നികുതി വരുമാന വളർച്ച 20 ശതമാനം കടന്നിരിക്കുകയാണ്. 2013-14 മുതലുള്ള യുഡിഎഫ് കാലത്തെ വളർച്ചാ നിരക്കിൻറെ ഒരു ഇരട്ടിയാണ് ഇത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വേഗത്തിൽ സഹായം അനുവദിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ധനസഹായം അനുവദിക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഓൺലൈൻ വഴിയാണ് നടക്കുന്നത്. സഹായധനം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. സങ്കീർണ്ണമായ നടപടിക്രമങ്ങൾ ലഘൂകരിച്ചും വിവിധ തലങ്ങളിൽ അനുവദിക്കാവുന്ന ധനസഹായത്തിന്റെ തുക ഉയർത്തിയും ഗുണഭോക്താവിന്റെ വരുമാനപരിധി വർദ്ധിപ്പിച്ചും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ കഴിയുന്നുണ്ട്.
ധനസഹായത്തിനായി ലഭിച്ച ഏതാനും ചില അപേക്ഷകൾ സർക്കാർതലത്തിൽ പരിശോധിച്ചപ്പോൾ ചില സംശയങ്ങൾ ഉയരുകയും ഇതിനെത്തുടർന്ന് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 22.02.2023 ന് വിജിലൻസ് ‘ ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി ജില്ലാ കളക്ടറേറ്റുകളിൽ മിന്നൽ പരിശോധന നടത്തുകയുണ്ടായി.