തൃക്കാക്കര : തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടാനായെങ്കിലും യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷന്റെ രാജി ആവശ്യപ്പെട്ടുള്ള പുതിയ മുറവിളി കോണ്‍ഗ്രസിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം ബിജെപി ക്യാമ്പ് തെരഞ്ഞെടുപ്പിന് ശേഷം നിശബ്ദമാണ്. തൃക്കാക്കരയിലെ പരാജയം ഇടതുമുന്നണിയെ ഇരുത്തിച്ചിന്തിക്കുന്നതാണ്. സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടും കനത്ത പാരാജയത്തിന്റെ കൈപ്പറിഞ്ഞത് എന്തുകൊണ്ടെന്ന് മുന്നണിയിലെ ഓരോ ഘടകകക്ഷികളും പരിശോധിക്കുവാന്‍ തീരുമാനം എടുത്തിട്ടുണ്ട്. സിപിഐഎമ്മിനെതിരെ സിപിഐ രംഗത്ത് വന്ന സാഹചര്യത്തില്‍ ഇടതു മുന്നണി യോഗം ഉടന്‍ ചേര്‍ന്നേക്കും. ഇടതു വിരുദ്ധവോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനും അപ്പുറം ഇടതു വോട്ടുകളുടെ ചോര്‍ച്ചയും നേതൃത്വം പരിശോധിക്കും.
തൃക്കാക്കരയിലെ മിന്നും വിജയത്തിന്റെ ആരവം യു ഡി എഫ് ക്യാമ്പില്‍ കെട്ടടങ്ങിയിട്ടില്ലെങ്കിലും അപരസ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഡൊമനിക് പ്രസന്റേഷന്റെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്ത് വരാനുള്ള സാധ്യതയും നേതൃത്വം തളളികളയുന്നില്ല. വോട്ട് കുറഞ്ഞെങ്കിലും ബി ജെ പി ക്യാമ്പ് നിശബ്ദമാണ്. ബൂത്ത് തലസംഘടന സംവിധാനം പൊളിച്ചെഴുതിയിട്ടും എന്തുകൊണ്ട് വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ വരും ദിവസങ്ങളില്‍ ബിജെപി നേതൃത്വത്തിനും ഉത്തരം കണ്ടെത്തേണ്ടി വരും.