സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നും ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കര്‍ണാടകയിലേക്ക് നടത്തിയ മാര്‍ച്ച് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കേരള കര്‍ണാടക അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ഗുണ്ടല്‍പേട്ട അടക്കം വയനാടിനോട് ചേര്‍ന്നുള്ള കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ചോളത്തണ്ട് കൊണ്ടുവരുന്നതിനാണ് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിയന്ത്രണം കൊണ്ടുവന്നത്. മൈസൂരു, ചാമരാജ് നഗര്‍ ജില്ലകളില്‍ നിന്നാണ് വയനാട്ടിലേക്ക് കാലിത്തീറ്റയ്ക്കായി ചോളത്തണ്ട് എത്തിച്ചിരുന്നത്. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് നിയന്ത്രണമെന്നാണ് വിവരം.