തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ച് നാളെയാണ് നടക്കുന്നത്. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.
പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. അതേസമയം, ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. എൽഡിഎഫിന്‍റെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.
പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് സമരം. അതേസമയം, എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഹർജിക്കാരൻ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്‍റെ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണർ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ടാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. സർവകലാശാലകളുടെ മികവ് തകർക്കുന്നതാണ് ഗവർണറുടെ നീക്കമെന്നും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ചൂണ്ടികാട്ടിയിരുന്നു. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്.