തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ മാർച്ചിൽ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവർണർക്കെതിരായ മാർച്ചിൽ നിന്നും വിട്ടുനിന്നു. ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.
ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിച്ചു. യുജിസി മാർഗനിർദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ കേരളത്തിന് ഒപ്പംചേരണമെന്ന നിർദ്ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു.