തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്തം കാണിയ്ക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. സിപിഎമ്മും ബിജെപിയും ധാരണയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ബേബി രംഗത്തെത്തിയത്. കെ സുധാകരൻറെയും വിഡി സതീശൻറെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തിൽ അല്ല കോൺഗ്രസിന്റെ ഉന്നത നേതാവായ രാഹുൽഗാന്ധി സംസാരിക്കേണ്ടതെന്നും എംഎ ബേബി വ്യക്തമാക്കി.
സിപിഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോൺഗ്രസ് ഹൈക്കമാൻഡായ രാഹുൽഗാന്ധി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ പ്രതിപക്ഷത്തെ അനേകം നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും ബേബി കുറിച്ചു.
ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിന് ഇല്ല. ആർഎസ്എസ് ഹിന്ദു രാഷ്ട്രം എന്ന് പറയുമ്പോൾ കോൺഗ്രസ് ഹിന്ദു രാജ്യം എന്ന് പറയുന്നു. ആർഎസ്എസിനെതിരായ ബദൽ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടാണ് ആർഎസ്എസ് ഇടതുപക്ഷത്തെ ഒന്നാം നമ്പർ ശത്രുവായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.