ടെലിവിഷൻ സംവാദത്തിനിടെ രാഷ്ട്രീയ നേതാക്കൾ അടികൂടുന്ന വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. പാകിസ്താൻ ടെലിവിഷനിലെ ‘കൽ തക്’ എന്ന പ്രശസ്ത ടോക് ഷോക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇമ്രാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവും അഭിഭാഷകനുമായ ഷേർ അഫ്സൽ മർവാത്ത്, നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗ് പാർട്ടി സെനറ്റർ അഫ്നാനുല്ല എന്നിവർ തമ്മിലുള്ള സംവാദമാണ് വാഗ്വാദത്തിലും പിന്നീട് അടിപിടിയിലും കലാശിച്ചത്.
പി.ടി.ഐ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ അഫ്നാനുല്ല ഖാൻ മോശം പെരുമാറ്റവും സൈനിക സ്ഥാപനവുമായുള്ള രഹസ്യ ചർച്ചകളും ആരോപിച്ചത് അഫ്സൽ മർവാത്തിനെ പ്രകോപിതനാക്കുകയും സീറ്റിൽനിന്ന് എഴുന്നേറ്റ് അഫ്നാനുല്ല ഖാന്റെ തലക്കടിക്കുകയുമായിരുന്നു. തിരിച്ച് അഫ്നാനുല്ല ഖാനും അടിച്ചതോടെ ലൈവിൽ സംവാദത്തിന് പകരം പ്രേക്ഷകർ കണ്ടത് പൊരിഞ്ഞ അടിയായിരുന്നു. ഇരുവരെയും ചാനൽ അധികൃതർ ഏറെ പണിപ്പെട്ടാണ് പിടിച്ചുമാറ്റിയത്.
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പരിപാടിയുടെ അവതാരകനായ ജാവേദ് ചൗധരിക്കെതിരെയും വിമർശനം ഉയർന്നു. ഇതോടെ ഇരുവരും തങ്ങളുടെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തി. അഫ്നാനുല്ല ഇമ്രാൻ ഖാനെതിരെ മോശം പരാമർശം നടത്തിയെന്ന് മർവാത്ത് പറഞ്ഞപ്പോൾ താൻ അഹിംസയിൽ വിശ്വസിക്കുന്നയാളാണെങ്കിലും നവാസ് ഷെരീഫിന്റെ ‘സൈനികൻ’ എന്ന നിലയിൽ തന്റെ പ്രവൃത്തിയെ അഫ്‌നാനുല്ല ഖാൻ ന്യായീകരിച്ചു.