ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നീക്കവുമായി നേതൃത്വം. നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താൽ മതിയെന്ന് അഭിപ്രായം. അന്തിമ തീരുമാനം 24-ന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലുണ്ടാവും.
പ്ലീനറി സമ്മേളനം നടക്കാനിരിക്കേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ ജനിച്ചത് കൊണ്ട് എഐസിസിയിലെ പല പദവികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും,ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും കൊടിക്കുന്നില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രവര്‍ത്തകസമിതിയിലെ രണ്ട് ഒഴിവുകളിലേക്കെത്താന്‍ തരൂരും ചെന്നിത്തലയും നീക്കം നടത്തുന്നതിനിടെയാണ് കൊടിക്കുന്നിലിന്‍റെ എന്‍ട്രി.
എ.കെ ആന്‍റണിയും, ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞേക്കാവുന്ന പദവിയിലേക്കാണ് ചെന്നിത്തലയും, തരൂരും കരുക്കള്‍ നീക്കുന്നത്. തരൂരിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ കെ മുരളീധരന്‍, എം കെ രാഘവന്‍, ബെന്നിബെഹന്നാൻ എന്നിവര്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിനിടെയാണ് സമിതിയിലേക്കെത്താന്‍ യോഗ്യനാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു വയ്ക്കുന്നത്. എഐസിസിയിലെ ഉയര്‍ന്ന പദവികളിലേക്ക് കേരളത്തില്‍ നിന്നുള്ള ദളിത് വിഭാഗങ്ങളെ ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന പരാതിയാണ് കൊടിക്കുന്നിലിന്.
ദേശീയ നേതൃത്വത്തില്‍ മുന്‍പ് പ്രവര്‍ത്തിച്ചടക്കമുള്ള അനുഭവ പരിചയത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. തരൂരിനായുള്ള സമ്മര്‍ദ്ദവും എഐസിസി നേതൃത്വത്തിന് മുന്നിലുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായുള്ള അടുപ്പം അനുകൂലമാക്കി ദളിത് കാര്‍ഡിറക്കി കളിക്കാനാണ് കൊടിക്കുന്നിലിന്‍റെ ശ്രമം.
എഐസിസി തെരഞ്ഞെടുപ്പില്‍ മത്സരവും, വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. പ്ലീനറി സമ്മേളനത്തിനായി ആദ്യ ഘട്ടം നിലവില്‍ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും, ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയില്‍ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാര്‍ട്ടി ഉടച്ച് വാര്‍ക്കുപ്പെടുമ്പോള്‍ തരൂര്‍ എങ്ങനെ പരിഗണിക്കപ്പടുമെന്നത് പ്രധാനമാണ്. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ തരൂര്‍ പിന്മാറാനാണ് സാധ്യത.
അങ്ങനെയെങ്കില്‍ നിര്‍ണ്ണാകമായ നീക്കങ്ങളിലേക്ക് തരൂര്‍ കടന്നേക്കും. തരൂര്‍ പുറത്ത് വന്നാല്‍ സ്വീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള ചില പാര്‍ട്ടികള്‍ തയ്യാറുമാണ്. തരൂരിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വത്തിന്‍റെ മുന്‍പിലുണ്ടെങ്കിലും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. ഒഴിവാക്കിയാലുണ്ടാകാവുന്ന തിരിച്ചടികളെ കുറിച്ച് നേതൃത്വത്തിനും ബോധ്യമുണ്ട്. അതേ സമയം പ്ലീനറി സമ്മേളനത്തില്‍ സഹകരിപ്പിക്കാനുള്ള തീരുമാനം അനുകൂല നീക്കമായാണ് തരൂര്‍ ക്യാമ്പ് വിലയിരുത്തുന്നു.