ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇല വിഭവങ്ങള്‍. ഹൃദ്രോഗ സാധ്യതയും അമിതവണ്ണവും ഉയര്‍ന്ന രക്തസമ്മര്‍ദവും കുറയ്ക്കാന്‍ ഇവ സഹായിക്കും. അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക് പോലുള്ള ധാതുക്കളാല്‍ സമ്പന്നമാണ് പച്ചിലകള്‍. നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില ഇല വിഭവങ്ങള്‍ ഇനി പറയുന്നവയാണ്.
ചീരയില്‍ അടങ്ങിയിരിക്കുന്ന ഇന്‍സോല്യുബിള്‍ ഫൈബര്‍ ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കത്തിക്കാനും ഇത് നല്ലതാണ്. ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാന്‍ ചീര പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഉള്‍പ്പെടുത്തുക.
ക്ലോറോജെനിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇലവിഭവമാണ് മുരിങ്ങയില. ഇത് കൊഴുപ്പ് കത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് സാധാരണ ഗതിയിലാക്കാനും സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, അയണ്‍, സിങ്ക്, കാല്‍സ്യം എന്നിവയും മുരിങ്ങയിലയില്‍ ഉണ്ട്. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കും.
നല്ല കാര്‍ബോഹൈഡ്രേറ്റും ഫൈബറും ധാരാളമുള്ള പച്ചക്കറിയാണ് ബ്രക്കോളി. ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്ന ബ്രക്കോളി രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കുന്നു. കാലറി കുറവുള്ള ബ്രക്കോളിയില്‍ വെള്ളത്തിന്‍റെ അംശം കൂടുതലാണ്.
ബ്രക്കോളി പോലെതന്നെ കാലറി കുറഞ്ഞതും ജലാംശം കൂടിയതുമാണ് കെയ്ല്‍. ഊര്‍ജ്ജ സാന്ദ്രത കുറഞ്ഞ ഈ ഇലവിഭവം ദിവസവും കഴിക്കുന്നതും ഭാരം കുറയാന്‍ സഹായിക്കും.
കാലറി കുറഞ്ഞതും ഫൈബറും ജലാംശവും കൂടിയതുമായ ലെറ്റ്യൂസും ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ അവിഭാജ്യ ഘടകമാണ്. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നത് വഴി അമിതമായ ഭക്ഷണംകഴിപ്പും ഒഴിവാക്കാം. കൊഴുപ്പിന്‍റെ തോതും ഇതില്‍ കുറവാണ്.