കോഴിക്കോട് : മുസ്‌ലിം ലീഗ് ഫണ്ട് പിരിവ് ഇനി ഡിജിറ്റലായി മാത്രം; ഇക്കാര്യങ്ങൾക്കു ചുക്കാൻ പിടിക്കാൻ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതിഛായയ്ക്കു മങ്ങലേൽപിച്ച ഫണ്ട് പിരിവ് വിവാദങ്ങൾ ഇനിയുണ്ടാവാതിരിക്കാനാണ് പുതിയ തീരുമാനം. ലീഗിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് വെള്ളിയാഴ്ച ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം വിപുലമായ ഫണ്ട് ശേഖരണം നടത്താൻ തീരുമാനിച്ചത്. പാർട്ടി പത്രത്തിന്റേതുൾപ്പെടെയുള്ള ബാധ്യതകൾ തീർക്കുകയാണ് മുഖ്യ ലക്ഷ്യം. പ്രവർത്തക സമിതി നടക്കുന്നതിനിടെ ലീഗ് ഹൗസിന് മുന്നിൽ ‘ചന്ദ്രിക’യിൽനിന്ന് വിരമിച്ച ജീവനക്കാർ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ധർണ നടത്തിയിരുന്നു.
റമസാൻ മാസത്തിലാണ് പാർട്ടി പ്രവർത്തനഫണ്ട് ശേഖരണത്തിന് ഇറങ്ങുന്നത്. പൊതുജന ഫണ്ട് ശേഖരണവും പാർട്ടി പ്രവർത്തകർക്കിടയിലെ പിരിവും രണ്ടായാണ് നടത്തുക. ഇതിനു മുന്നോടിയായി ജില്ല, മണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മിറ്റികൾ 25നകം യോഗം ചേർന്ന് രൂപരേഖ തയാറാക്കും. മുഴുവൻ വീടുകളും സന്ദർശിച്ചാണ് ഫണ്ട് ശേഖരിക്കുക. സംഭാവനകൾ ഗൂഗിൾപേ പോലുള്ള ആപ്പുപയോഗിച്ച് മൊബൈലിൽ സ്കാൻ ചെയ്ത് സ്വീകരിച്ച ശേഷം രശീതി നൽകും.