മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടയ്ക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടിവെള്ള പദ്ധതികൾക്കൊപ്പം കാർഷിക മേഖലക്ക് വെള്ളം എത്തിക്കുക കൂടിയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ചോർച്ച ഇതിനൊക്കെ തടസമായി.
2012 ലാണ് ഒരു കിലോമീറ്ററോളം നീളമുള്ള പദ്ധതി പൂർത്തിയായത്. തിരൂർ – പൊന്നാനി താലൂക്കുകളെ ബന്ധിപ്പിച്ച് പാലവും ഭാരതപ്പുഴയിലെ വെള്ളം തടഞ്ഞു നിർത്തി കൃഷിക്കും മറ്റാവശ്യങ്ങളുമായിരുന്നു ലക്ഷ്യങ്ങൾ. ഇരുപതോളം പഞ്ചായത്തുകളിലും തിരൂർ, പൊന്നാനി നഗരസഭകളിലുമുള്ള ജലക്ഷാമം പരിഹരിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. 2013ല്‍ റഗുലേറ്ററിൽ ചോര്‍ച്ച വന്നതോടെ പ്രതിസന്ധി തുടങ്ങി. വൃഷ്ടിപ്രദേശത്തു നിന്നുള്ള വെള്ളം മറുഭാഗത്തേക്ക് ശക്തമായി ചോർന്നു വരാൻ തുടങ്ങി. വേലിയേറ്റ സമയത്ത് കടലില്‍ നിന്നും ഉപ്പുവെള്ളം ചോര്‍ച്ച വഴി തിരിച്ചു കയറുന്നതും പ്രശ്നമായി. കോടിക്കണക്കിന് രൂപ മുടക്കി വര്‍ഷങ്ങളായി ഇവിടെ ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല.
ചോര്‍ച്ച അടയ്ക്കാനുള്ള പ്രവൃത്തികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നും എത്തിച്ച ഷീറ്റുകള്‍ ഉപയോഗിച്ചാണ് പൈലിങ് നടത്തുന്നത്. കോണ്‍ക്രീറ്റ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.