മുംബൈ : വരുന്ന ഐപിഎൽ സീസണു മുന്നോടി ആയുള്ള മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ക്രിക്കറ്റ് ലോകം അതിശയിച്ചത് ഭൂട്ടാനീസുകാരനായ ഒരു താരത്തിൻ്റെ പേര് കണ്ടാണ്. ഐപിഎൽ മെഗാ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യ ഭൂട്ടാനീസ് താരമാണ് മിക്യോ ഡോർജി. പേസ് ബൗളിംഗ് ഓൾറൗണ്ടറായ മിക്യോയെ ഏതെങ്കിലും ടീം ലേലം കൊണ്ടാൽ അത് ചരിത്രമാകും. 22കാരനായ ഡോർജി 2018ൽ മലേഷ്യക്കെതിരെയാണ് ഭൂട്ടാനു വേണ്ടി അരങ്ങേറിയത്. ഒരു രാജ്യാന്തര ടി-20 മത്സരത്തിലാണ് കളിച്ചിട്ടുള്ളത്. കളിയിൽ മിക്യോ 27 റൺസെടുത്തു. 22 കാരനായ താരം കഴിഞ്ഞ വർഷം നേപ്പാളിലെ എവറസ്റ്റ് പ്രീമിയർ ലീഗിൽ കളിച്ചിരുന്നു. വിദേശ ടി-20 ലീഗിൽ കളിക്കുന്ന ആദ്യ ഭൂട്ടാനീസ് താരമെന്ന നേട്ടവും ഇതോടെ മിക്യോ സ്വന്തമാക്കി.
ഡാർജിലിംഗിലെ സെൻ്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് മിക്യോ ക്രിക്കറ്റ് ഗൗരവമായി എടുക്കാൻ തുടങ്ങിയത്. തൻ്റെ ബൗളിംഗ് ആക്ഷൻ ശരിപ്പെടുത്താൻ 2018ലും 2019ലും അദ്ദേഹം ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷൻ സന്ദർശിക്കുകയും ചെയ്തു. ആ സമയത്ത് അദ്ദേഹം മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ സന്ദർശിക്കുകയും ചെയ്തു.