തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനാൽ ലേണേഴ്സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടി ഓഫിസുകളിലെത്തി ഓൺലൈനിൽ എഴുതുന്ന സംവിധാനം ഏർപ്പെടുത്താൻ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം.
മാസം 5000–6000 ഇതര സംസ്ഥാനക്കാരും മലയാളത്തിൽ പരീക്ഷയെഴുതി വിജയിക്കുന്ന അട്ടിമറി റിപ്പോർട്ട് ചെയ്തിരുന്നു. ലേണേഴ്സ് ടെസ്റ്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് തീരുമാനമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് അറിയിച്ചു. അപേക്ഷകർ അതത് ആർടിഒ, സബ് ആർടിഒ ഓഫിസുകളിൽ ഓൺലൈനായി തീയതിയും സമയവും ബുക്ക് ചെയ്ത് നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കാനാണ് നിർദേശം.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷകർക്ക് ഓൺലൈനായി പരീക്ഷയെഴുതാൻ അനുമതി നൽകിയിരുന്നത്. ഇതാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്. അപേക്ഷകനിൽ നിന്ന് 3000 മുതൽ 5000 രൂപവരെ വാങ്ങി അപേക്ഷകനു വേണ്ടി പരീക്ഷയെഴുതി ജയിപ്പിച്ചത് ഡ്രൈവിങ് സ്കൂളുകാരും ഏജന്റുമാരുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളും മലയാളത്തിൽ പരീക്ഷയെഴുതി വ്യാപകമായി വിജയിച്ചത് കണ്ടെത്തി.