തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് അതിവേഗത്തിൽ പടരുന്ന കൊവിഡ് വകഭേദം ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ കീഴടക്കിയതോടെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രി സംവിധാനങ്ങളുടെ പ്രവർത്തനം താളം തെറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജ്, തിരുവനന്തപുരം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ പ്രമുഖ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൊവിഡ് സ്ഥിരീകരിച്ച് ചികിൽസ തേടി.
കൂടാതെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടി പി ആർ 17.78 ശതമാനമാണ്. 2.59 ലക്ഷം പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ നാൽപതിനായിരത്തിലധികം കൊവിഡ് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.