തിരുവനന്തപുരം: മന്ത്രിമാരുടെ ഉള്‍പ്പെടെ സർക്കാർ വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകൾക്ക് ഇനി മുതൽ നിരോധനം. ഇത്തരത്തിലുള്ള ലൈറ്റുകൾ പയോഗിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫ്ലാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. ഇതോടെ വാഹനത്തിന്‍റെ നിർമാണ സമയത്ത് ഉള്ളതിനേക്കാൾ കൂടുതല്‍ ലൈറ്റുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും.
മന്ത്രിവാഹനങ്ങളുടെ മുകളില്‍ ചുവപ്പ് ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിനിഷേധിച്ച സാഹചര്യത്തിലാണ് മുൻവശത്തെ ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി. ഫ്‌ളാഷുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. പൊലീസ് വാഹനങ്ങൾക്ക് സമാനമായി ചുവപ്പും നീലയും നിറങ്ങളിലുള്ള എല്‍.ഇ.ഡിയാണ് ഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരുടെ വാഹനങ്ങളിൽ ഇതായിരുന്നു കാഴ്ച.
ഈ വർഷം മെയിലാണ് പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദേശം ഇതുസംബന്ധിച്ച് ഉണ്ടായത്. എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴ നല്‍കേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവക്കെതിരെയും നടപടി വേണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
മുമ്പ്, ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇത് വി.ഐ.പി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കിയിരുന്നു. ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രിയടക്കം സഞ്ചരിച്ചിരുന്നതെങ്കിലും ഇതും നീക്കി. തുടർന്ന് സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നും ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിന്‍റെ ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി. ഫ്‌ളാഷുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.












