തിരുവനന്തപുരം: തീരദേശമേഖലയുടെ പ്രശ്നങ്ങൾക്കാണ് മുൻഗണനയെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇടത് വലത് മുന്നണികൾ തീരദേശത്തെ അവഗണിച്ചെന്നും ജനരോഷം സ്വാഭാവികമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്തെ തീരദേശമേഖലയെ മാറി മാറി വന്ന ജനപ്രതിനിധികൾ അവഗണിക്കുകയായിരുന്നു. ഇതിനാല്‍ തന്നെ രാഷ്ട്രീയക്കാരോടുള്ള അവിടത്തെ ജനങ്ങളുടെ രോഷ പ്രകടനം സ്വാഭാവികമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരാദിത്വമാണെന്നാണ് സിറ്റിങ് എംപി പറയുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പരസ്പരം പഴിചാരുന്ന അവസ്ഥയാണുള്ളത്.
അവര്‍ക്ക് വീടില്ല, കുടിവെള്ളമില്ല, ജീവിതമില്ല. അവരുടെ ഭാവിയെക്കുറിച്ച് ആരും പറയുന്നില്ല. ആദ്യ ദിവസം അവിടെ പോയപ്പോള്‍ അവര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. പലപ്പോഴായി വാഗ്ദ്വാനങ്ങള്‍ നല്‍കി നടപ്പാക്കാതെ പോയ രാഷ്ട്രീയക്കാരോടുള്ള രോഷമാണ് അവര്‍ പ്രകടിപ്പിച്ചത്. താൻ അവിടെ പോയപ്പോഴും ജനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അവരുടെ പ്രശ്നങ്ങള്‍ ന്യായമാണ്. തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രധാന പരിഗണനയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.