കോഴിക്കോട്: വയനാട്ടിൽ മുസ്ലിം ലീഗ് പതാക ഒഴിവാക്കിയുള്ള രാഹുലിന്റെ തെരഞ്ഞെടുപ്പ് പരിപാടികളെ ചൊല്ലി പുറത്തുണ്ടായ പരിഹാസങ്ങൾക്കിടെ പൊല്ലാപ്പായി മുന്നണിക്കുള്ളിലെ തല്ല്. മലപ്പുറം വണ്ടൂരില്‍ പരിപാടിയില്‍ ലീഗ് പതാകയുയര്‍ത്തിയതിനെച്ചൊല്ലി കെഎസ് യു, എംഎസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കൈയ്യാങ്കളി രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതു മുന്നണി. അതേസമയം, സംഗീത നിശക്കിടയിലുണ്ടായ ചെറിയ പ്രശ്നമാണിതെന്ന് പറഞ്ഞ് ലഘൂകരിക്കുകയാണ് യുഡിഎഫ്.
യുഡിഎസ്എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മറ്റി മലപ്പുറം വണ്ടൂരില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് കെഎസ് യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായത്. കോണ്‍ക്ലേവിന് ശേഷം നടന്ന സംഗീത നിശയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് കൊടി വീശി നൃത്തം ചെയ്തിരുന്നു. പാര്‍ട്ടി പതാകകള്‍ പ്രചാരണത്തിന് ഉപയോഗിക്കേണ്ടെന്ന മുന്‍ധാരണ ലംഘിച്ചെന്ന് പറഞ്ഞ് കെഎസ് യു പ്രവര്‍ത്തകര്‍ എംഎസ്എഫ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതോടെ തര്‍ക്കം രൂക്ഷമായി. പിന്നാലെ സംഘര്‍ഷവും ഉടലെടുത്തു. മുതിര്‍ന്ന യുഡിഎഫ് നേതാക്കളിടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. ബിജെപിയെ ഭയന്ന് വയനാട്ടില്‍ മുസ്ലീം ലീഗ് പതാകയുയര്‍ത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചാരോപിക്കുന്ന ഇടതു മുന്നണി സംഭവം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ആയുധമാക്കി മാറ്റി.
മലപ്പുറത്തെ പ്രചാരണ വേദികളിലും വിഷയം പരമാവധി ഉയര്‍ത്തിക്കാട്ടാനാണ് ഇടതു മുന്നണി തീരുമാനം. അതേ സമയം, പതാകയെച്ചൊല്ലിയുള്ള പ്രശ്നമല്ല കയ്യാങ്കളിയിലെത്തിയതെന്ന വിശദീകരണമാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും നല്‍കുന്നത്. സംഗീത നിശക്കിടയിലുണ്ടായ ചെറിയ പ്രശ്നത്തെ ഇടതുമുന്നണി രാഷ്ട്രീയവത്കരിക്കുകയാണെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ കമ്മറ്റി ആരോപിച്ചു.