തിരുവനന്തപുരം: ‘ആസാദ് കശ്മീർ’ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കേണ്ടന്ന് പൊലീസിന് നിയമോപദേശം. ജലീലിനെതിരെ എബിവിപി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.
അതേസമയം, കോടതിയുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട കീഴ്‍വയ്പൂർ പൊലീസ് ജലീലിനെതിരെ കേസെടുത്തു. ആര്‍എസ്എസ് നേതാവിന്‍റെ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ജലീൽ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
‘പാക്കധീന കശ്മീരെ ‘ ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ ആസാദ് കശ്മീരെ ‘ ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം. എന്നാൽ ‘ പഷ്തൂണു’ കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദരും പ്രതികരിച്ചിരുന്നു.