കോഴിക്കോട്: ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 40 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. വിവധ ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 56,000 രൂപ പിഴ ഈടാക്കി. പിഴ ഒടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്‍പന്നം പായ്ക്ക് ചെയ്ത തിയ്യതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില തുടങ്ങിയവ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, എം.ആര്‍.പി.യെക്കാള്‍ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഈ മാസം ഒന്നിന് ആരംഭിച്ച പരിശോധനകള്‍ ഏഴാം തിയ്യതി വരെ തുടരും.
രണ്ട് സ്‌ക്വാഡുകളായാണ് പരിശോധനകള്‍ നടത്തുന്നത്. അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.കെ നാസര്‍,സിറാജുദ്ദീന്‍ എസ്, ഇന്‍സ്‌പെക്ടര്‍മാരായ സിന്ധു പി, ബിനോയ് കെ, ജംഷീദ് പി. കെ, ഷാജിര്‍ കെ, പ്രബിത്ത് പി. ഷീജ അടിയോടി, സുധീപ് കെ.വി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.പാലക്കാടും ഓണത്തോടനുബന്ധിച്ചു ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. ജില്ലയിലെ 55 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 1,16,000 പിഴ ഈടാക്കി. പാക്കറ്റിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതെ ഉൽപന്നങ്ങൾ വിൽപനയ്ക്കു പ്രദർശിപ്പിച്ച ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക്സ് ഉപകരണ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് 10,000 രൂപ വീതമാണു പിഴ ഈടാക്കിയത്. യഥാസമയം മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 44 സ്ഥാപനങ്ങളിൽനിന്ന് 75,000 രൂപ പിഴ ഈടാക്കി. പത്തനംതിട്ട ജില്ലയിലും പരിശോധന നടന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 22 22 വ്യാപാരികൾക്കെതിരെ കേസെടുത്ത് 64,000 രൂപ പിഴ ഈടാക്കി.