തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ നിയമനിർമ്മാണത്തിന് സർക്കാരിന് സിപിഎം അനുമതി നൽകും. ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന.
ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. തുടര്‍ നടപടിക്കായി പാര്‍ട്ടി സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ തമിഴ്നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തിൽ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും.
ഇതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻതുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്‌ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും 45.9 ലക്ഷം രൂപ ഫീസായി നൽകാനാണ് സർക്കാർ ഉത്തരവ്.
നിയമ ഉപദേശം നൽകുന്നതിന് ഫാലി എസ്ന.രിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സർക്കാർ നൽകും. നരിമാന്റെ ജൂനിയർമാരും ക്ലർക്കുമാർക്കുമായി 15.9 ലക്ഷം രൂപയുമാണ് നൽകുന്നത്. നിയമോപദേശം ലഭിച്ചാൽ ഉടൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും. അനുകൂലമായ നിയമോപദേശം ലഭിച്ചാൽ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഫാലി എസ്.നരിമാനോ, കെ.കെ.വേണുഗോപാലോ ഹാജരാകും. നേരത്തെ ദില്ലിയിൽ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ് ഉൾപ്പടെയുള്ളവർ മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി ദില്ലിയിലുള്ളപ്പോളായിരുന്നു കൂടിക്കാഴ്ച്ച.