തിരുവനന്തപുരം ∙ നയതന്ത്ര വിദഗ്ധനും വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറുമായിരുന്ന ടി.പി.ശ്രീനിവാസന്റെ ഭാര്യയും നർത്തകിയും ചിത്രകാരിയുമായ ചന്ദ്രലേഖ ശ്രീനിവാസൻ (72) അന്തരിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ ചെയർപഴ്സനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ‘കരുണ ചാരിറ്റീസ് ഇന്റർനാഷനലിന്റെ’ സ്ഥാപകയാണ്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം രാവിലെ 9ന് കവടിയാർ ജവാഹർ നഗറിലെ വസതിയായ ‘ശ്രീലേഖ’യിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ.
മക്കൾ: ശ്രീനാഥ് ശ്രീനിവാസൻ (മാനേജിങ് ഡയറക്ടർ, ഡിജി മെൻഡേഴ്സ്, ന്യൂയോർക്ക് ), ശ്രീകാന്ത് ശ്രീനിവാസൻ (ദുബായിലെ യുഎസ് കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ). മരുമക്കൾ: രൂപ ഉണ്ണിക്കൃഷ്ണൻ (കോമൺവെൽത്ത് ഷൂട്ടിങ് ചാംപ്യൻ), ഷരാവതി ചൊക്സി.
കരുണയുടെ കാൻവാസിൽ ഒരു ലേഖാചിത്രം
തിരുവനന്തപുരം ∙ നയതന്ത്ര വിദഗ്ധനായ ഭർത്താവ് ടി.പി.ശ്രീനിവാസനൊപ്പമുള്ള ലോകപരിചയത്തിനൊപ്പം നൃത്തവും ചിത്രരചനയും ജീവകാരുണ്യപ്രവർത്തനവും ചേർന്നതായിരുന്നു ചന്ദ്രലേഖ ശ്രീനിവാസന്റെ ജീവിതം.
തിരുവനന്തപുരത്ത് മരയ്ക്കാർ മോട്ടോഴ്സിന്റെ തുടക്കത്തിൽ ജനറൽ മാനേജരായിരുന്ന വടക്കൻ പറവൂർ സ്വദേശി രാമൻകുട്ടി നായരുടെയും എം.വി.വനജയുടെയും മകളായ ചന്ദ്രലേഖയെ ടി.പി.ശ്രീനിവാസന് വിവാഹത്തിനു മുൻപേ അറിയാമായിരുന്നു. വിദേശകാര്യ സർവീസിൽ എത്തുന്നതിനു മുൻപ് അദ്ദേഹം മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായിരുന്നു. അന്ന് അവിടെ ശ്രീനിവാസന്റെ വിദ്യാർഥിനിയായിരുന്നു ചന്ദ്രലേഖ. ആ പരിചയം 1968ൽ വിവാഹത്തിലെത്തി. ‘കരുണ ചാരിറ്റി ഇന്റർനാഷനൽ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തനങ്ങളിലും വ്യാപൃതയായിരുന്നു ചന്ദ്രലേഖ.
1992ൽ ന്യൂയോർക്കിലാണ് കരുണ ആരംഭിച്ചത്. ശ്രീനിവാസൻ പ്രവർത്തിച്ച രാജ്യങ്ങളിലെല്ലാം സംഘടനയുടെ പ്രവർത്തനം തുടർന്നു. തലസ്ഥാനത്ത് 20 പേർക്ക് താമസിക്കാനിടം ഒരുക്കി. സ്ത്രീകൾക്കുവേണ്ടി തൊഴിൽസംരംഭങ്ങളും തുടങ്ങി. നയ്റോബിയിൽ ശ്രീനിവാസനും ചന്ദ്രലേഖയ്ക്കും തീവ്രവാദികളുടെ ആക്രമണത്തിൽ പരുക്കേറ്റു. ചന്ദ്രലേഖയുടെ വാരിയെല്ലിനു സാരമായി പരുക്കേറ്റു.
ഫിജിയിൽ ഗുരുദ്വാര ആക്രമണത്തിനിടെയുണ്ടായ സംഘർഷത്തിലും ചന്ദ്രലേഖയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. ബർമയിലായിരുന്നപ്പോൾ ചിത്രകല പഠിച്ചു. ‘ത്രീ വിമൻ പെയിന്റിങ്സ്’ എന്ന പേരിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.