ഇടുക്കി: മൂന്നാര്‍ സൈലന്റ് വാലിയില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ നഷ്ടമായതെന്ന് സൈലന്റ് വാലി എസ്റ്റേറ്റിലെ തൊഴിലാളികള്‍ പറയുന്നു. സൈലന്റ് വാലി എസ്റ്റേറ്റിലെ രണ്ടാമത്തെ ഡിവിഷനിലെ തൊഴിലാളിയായ രാജയുടെ പശുവിനെയാണ് ഒടുവില്‍ പുലി ആക്രമിച്ചത്. മേയാന്‍ വിട്ട പശു വൈകുന്നേരം വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഈ പ്രദേശത്ത് വന്യമൃഗത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.