തൃശൂർ: പാലക്കാട്ടെ ധോണിയിൽ ആശങ്ക പടർത്തിയ പുലിയെ പിടികൂടിയതിന് പിന്നാലെ കോലഴിയിലും പുലി ഭീതി. ഇന്ന് പുലർച്ചെ കോലഴി പഞ്ചായത്തിലെ തിരൂർ പുത്തൻമടം കുന്ന് ശങ്കരഞ്ചിറ മാട്ടുകുളം റോഡിൽ പുലിയോട് സാമ്യമുള്ള ജീവി നടന്ന് പോകുന്നത് കണ്ടതാണ് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുന്നത്.
പ്രദേശവാസി ചിറ്റിലപിള്ളി ജോർജ് പറമ്പിൽ സ്ഥാപിച്ച ക്യാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നു നീങ്ങുന്ന ദൃശ്യം പതിഞ്ഞത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചിട്ടുണ്ട്. പാലക്കാട് ഉമ്മിനിയിൽ ജനവാസ മേഖലയിലാണ് പുലി പ്രസവിച്ച് കിടന്നിരുന്നതെന്നാണ് കോലഴിയിയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുലികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് ദിവസം മുൻപ് തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ ഇരിക്കുന്ന കുരങ്ങിനെ പിടിക്കാൻ കയറിയപ്പോള്‍ കാല്‍ വഴുതി താഴെ വീണാണ് പുലി ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലു വയസ്സ് പ്രായം തോന്നിക്കുന്ന പുള്ളി പുലിയാണ് ചത്തത്. ഒരാഴ്ച മുൻപ് പാലക്കാട് ധോനിയിലെ ജനവാസ മേഖലയിലിറങ്ങിയ ആശങ്ക വിതച്ച പുലിയെ കൂട് സ്ഥാപിച്ച് വനംവകുപ്പ് പിടികൂടിയിരുന്നു. ഈ പുലിയെ പറന്പികുളം കടുവ സങ്കേതത്തിൽ വിട്ടയക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.