തിരുവനന്തപുരം : കൊവിഡ് വ്യാപന തോത് കണക്കാക്കുന്ന ആർ വാല്യൂ സംസ്ഥാനങ്ങളിൽ കുറയുന്നു. കഴിഞ്ഞ ആഴ്ചയിൽ നിന്ന് ആർ വാല്യൂവിൽ നേരിയ കുറവ് രേഖപ്പെടുത്തി. നിലവിൽ രാജ്യത്തെ ശരാശരി ആർ വാല്യൂ 1.13 ശതമാനമാണ്. 19 സംസ്ഥാനങ്ങളിൽ ആർ വാല്യൂ 1 ശതമാനത്തിന് മുകളിലാണ്. കേരളത്തിൽ ആർ വാല്യു 1 ശതമാനത്തിൽ താഴെയാണെന്നതും ആശ്വാസമാണ്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് കൊവിഡ് പകരുന്നു എന്ന കണക്കാക്കുന്നതാണ് ആർ വാല്യു. മൂന്നാം തരംഗത്തിന് ശേഷം രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ കണക്കുകൾ കുറഞ്ഞപ്പോഴും ആർ വാല്യു 1.05 ശതമാനമായി നിലനിന്നിരുന്നു. പിന്നീട് 1.13 ആയി ആർ വാല്യു ഉയർന്നിരുന്നു. ഈ കണക്കിൽ നിന്നാണ് ആർ വാല്യു താഴ്ന്നത്.
ആർ വാല്യു ഒരു ശതമാനത്തിലും താഴുന്നത് സൂചിപ്പിക്കുന്നത് കൊവിഡ് മഹാമാരി വിട്ടൊഴിയുന്നു എന്നതാണ്. നിലവിൽ ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ്, മധ്യ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പ്രതിദിന കൊവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നത്. ഏറ്റവും കൂടുതൽ ആർ വാല്യു രേഖപ്പെടുത്തിയിരിക്കുന്നത് മധ്യ പ്രദേശിലാണ്. 1.16 % ആണ് ഇവിടുത്തെ ആർ വാല്യു. ഡൽഹിയിൽ 1.13 % ആണ് ആർ വാല്യു.