ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ തന്നെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. തലവേദന തന്നെ പല വിധമുണ്ട്. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാക്കാം. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം.
അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
കോഫി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചിലരില്‍ കോഫി കുടിക്കുന്നത് തലവദന കുറയ്ക്കുമെങ്കിലും ഇവ അധികമായി കുടിക്കുന്നത് ചിലരില്‍ തലവദേനയെ കൂട്ടാം. കോഫിയില്‍ അടങ്ങിയിരിക്കുന്ന ‘കഫീന്‍’ ആണ് തലവേദന വര്‍ധിപ്പിക്കുന്നത്.
രണ്ട്…
ചോക്ലേറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചോക്ലേറ്റില്‍ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ തലവേദന ഉണ്ടാക്കാം.
മൂന്ന്…
ചീസ് പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസും അമിതമായി കഴിക്കേണ്ട.
നാല്…
മൈഗ്രേൻ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം എന്ന് എല്ലാവര്‍ക്കും അറിയാം. മദ്യപാനം മൈഗ്രേൻ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു.
അഞ്ച്…
അച്ചാര്‍ പോലുള്ളവയുടെ ഉപയോഗവും പരിമിതപ്പെടുത്തണം. പുളി അധികമുള്ള ഭക്ഷണങ്ങള്‍, തൈര് എന്നിവ കഴിക്കുന്നതും ചിലരില്‍ തലവേദനയുണ്ടാകാം.
ആറ്…
അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേൻ സാധ്യത ഉണ്ടാക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.