തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നേരിട്ടാണ് മൊഴി നല്‍കിയതെന്ന് പറയുകയായിരുന്നു. എഫ്ഐആര്‍ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന് എങ്ങനെ അന്വേഷണം വേണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂര്‍ വിശദീകരിച്ചു. എന്നാല്‍ ആനാവൂരിന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്റെയും, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്റെയും ശുപാർശ കത്തിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക. നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗണ്‍സിലർ ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് – ഒന്ന് ആകും അന്വേഷണം നടത്തുക.