പാലക്കാട് : പാലക്കാട് ജില്ലയിലെ പട്ടാമ്പി പാലത്തിൽ വച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി, അസ്കർ അലിയുടെ ലൈസൻസ് ആണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. എൻഫോഴ്സ്മെൻ്റ് ആർടിഒ ജയേഷ് കുമാറാണ് നടപടി എടുത്തത്. പട്ടാമ്പി പാലത്തിൽ വച്ച് ഫെബ്രുവരി ഒമ്പതിന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അസ്കർ ഓടിച്ചിരുന്നത്. പാലത്തിൽ വച്ച്, എതിരെ വരുന്ന വന്ന കാറിനെ ശ്രദ്ധിക്കാതെ
ഓവർടേക്കിന് ശ്രമിച്ചു. കാർ പെട്ടെന്ന് നിർത്തിയതിനാൽ, വൻ അപകടം ഒഴിവായി. കാറിൻ്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം കാർ ഡ്രൈവർ നൽകിയ പരാതിയിലാണ് നടപടി.
അതേസമയം അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയിൽ വൺവേ തെറ്റിച്ച് ഊരാക്കുടുക്ക് തീർത്ത ബസിനെ നാട്ടുകാരും മറ്റ് ഡ്രൈവർമാരും ചേര്‍ന്ന് പിന്നോട്ടെടുപ്പിച്ചത് വൈറലായിരുന്നു. അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കി ബസ് മുന്നോട്ട് പാഞ്ഞ് എത്തുകയായിരുന്നു. കോഴിക്കോട്- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം കാറ്റിൽപ്പറത്തി റൺവെ തെറ്റിച്ച് എത്തിയതും ‘പണി’ വാങ്ങിയതും.