ഹരിപ്പാട്: വാതിൽപടി വിതരണത്തിനുള്ള റേഷൻ സാധനങ്ങളിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് തൃക്കുന്നപ്പുഴയിലെ രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് റദ്ദാക്കി.
152,154 നമ്പർ റേഷൻകടകളുടെ ലൈസൻസാണ് ജില്ല സപ്ലൈ ഓഫിസർ റദ്ദാക്കിയത്. വാതിൽപടി വിതരണത്തിന് വാഹനം ഏർപ്പാടാക്കിയ കരാറുകാരൻ, ഈ വാഹനത്തിലെയും അരി കടത്തിക്കൊണ്ടുപോയ ടെമ്പോവാനിലെയും ഡ്രൈവർമാർ എന്നിവരെ പ്രതികളാക്കി പൊലീസിൽ പരാതി നൽകാൻ താലൂക്ക് സപ്ലൈ ഓഫിസർ (ടി. എസ്. ഒ), സിവിൽ സപ്ലൈസ് കോർപറേഷൻ ഡിപ്പോ മാനേജർക്ക് നിർദേശവും നൽകി. തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടി. എസ്. ഒ പറഞ്ഞു.
ഹരിപ്പാട്ടെ സംഭരണ കേന്ദ്രത്തിൽനിന്ന് ഈ റേഷൻ കടകളിലേക്കുള്ള അരി കൊണ്ടുപോയ ലോറിയിൽ നിന്ന് വലിയകുളങ്ങര ക്ഷേത്രത്തിനു വടക്ക് ആളൊഴിഞ്ഞ ഭാഗത്തുവെച്ച് ടെമ്പോവാനിലേക്ക് അരിച്ചാക്കുകൾ മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് ടി. എസ്. ഒ അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനയിൽ തൃക്കുന്നപ്പുഴ 154ാം നമ്പർ റേഷൻകടയിലെ നീക്കിയിരിപ്പിൽ ഏഴ് ചാക്ക് അരിയുടെ കുറവു കണ്ടെത്തി. ഈ കട നേരത്തേ മുതൽ 152ാം നമ്പർ റേഷൻകടയുമായി ചേർത്താണ് പ്രവർത്തിച്ചുവന്നത്. ഇതിനാലാണ് രണ്ട് കടയുടെയും ലൈസൻസ് അന്വേഷണവിധേയമായി റദ്ദാക്കിയത്.
കാർഡ് ഉടമകൾക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം പകരം സംവിധാനം ഏർപ്പെടുത്താനും ടി. എസ്. ഒ നിർദേശിച്ചിട്ടുണ്ട്. വാതിൽപടി റേഷൻ വിതരണത്തിന് ചുമതല സിവിൽ സപ്ലൈസ് കോർപറേഷനാണ്. വാതിൽപടി വിതരണത്തിനുള്ള വാഹനങ്ങൾ ഏർപ്പാടാക്കുന്നതും വിതരണം ചെയ്യേണ്ട സാധനങ്ങളുടെ പട്ടിക സംഭരണ കേന്ദ്രത്തിന് കൈമാറുന്നതും കോർപറേഷന്റെ ഡിപ്പോ മാനേജറാണ്. ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡിപ്പോ മാനേജറെ ചുമതലപ്പെടുത്തിയത് ഈ സാഹചര്യത്തിലാണെന്ന് ടി. എസ്. ഒ അറിയിച്ചു.