പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം. എല്ലാ പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒരു ലക്ഷം രൂപയില്‍ 50,000 രൂപ വീതം കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബത്തിന് നല്‍കണം.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ സി എം സിദ്ദീഖ്, ലീഗ് പ്രവര്‍ത്തകരായ നൗഷാദ് (പാണ്ടി നൗഷാദ്), നിജാസ്, ഷമീം, സലാഹുദ്ദീന്‍, ഷമീര്‍, കഞ്ഞിച്ചാലില്‍ സുലൈമാന്‍, അമീര്‍, അബ്ദുള്‍ ജലീല്‍, റഷീദ് (ബാപ്പുട്ടി), ഇസ്മയില്‍ (ഇപ്പായി), പാലക്കാപറമ്പില്‍ സുലൈമാന്‍, ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), ഫാസില്‍, സലീം, സെയ്താലി, താജുദ്ദീന്‍, ഷഹീര്‍, ഫാസില്‍, അംജാദ്, മുഹമ്മദ് മുബ്ഷീര്‍, മുഹമ്മദ് മുഹ്സിന്‍ എന്നിവരാണ് പ്രതികള്‍.
പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് നാലാം നമ്പര്‍ അതിവേഗ കോടതി ജഡ്ജി ടി എച്ച് രജിതയാണ് കേസ് വിധിച്ചത്.2013 നവംബര്‍ 20ന് രാത്രി ഒമ്പതിനാണ് കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവരെ ലീഗുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ നിന്ന് ഇവരുടെ സഹോദരന്‍ കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് കേസിലെ പ്രതികള്‍.
കല്ലാങ്കുഴി പള്ളിയില്‍ ലീഗ് യോഗം ചേരല്‍ അവസാനിപ്പിക്കണമെന്നും ആരാധനാലയത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്നും കുഞ്ഞിഹംസ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്‍നിന്ന് ഉത്തരവും വാങ്ങിയെടുത്തു. കൂടാതെ ലീഗിന്റെ സ്വാധീന മേഖലയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് ആരംഭിച്ചതും പ്രകോപനത്തിന് കാരണമായി.
ലീഗ് നേതാവ് ഉള്‍പ്പടെയുള്ളവര്‍ പ്രതിയായ കേസ് കുടുംബ പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ ഉള്‍പ്പെടെ ഗുരുതര വീഴ്ച വരുത്തി. നിയമസഭയ്ക്കകത്തും പുറത്തും സിപിഐ എം നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ആകെ 27 പ്രതികളാണുള്ളത്.പ്രതിയായിരുന്ന ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരു പ്രതിക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.