തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 20808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 17ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തിൽ മുഖ്യമന്ത്രിയും മന്ത്രി എം വി ഗോവിന്ദനും പങ്കെടുക്കും.
ചടങ്ങിൽ വി ശശി എംഎൽഎ, നവകേരള കർമ്മ പദ്ധതി- 2 കോ കോർഡിനേറ്റർ ടി എൻ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ, കളക്ടർ നവജ്യോത് ഖോസ ഐഎഎസ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി ആർ, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിതാ അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫോഴ്‌സൺ, പഞ്ചായത്ത് അംഗം റീത്ത നിക്‌സൺ എന്നിവർ പങ്കെടുക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ് സ്വാഗതവും ലൈഫ് മിഷൻ സിഇഒ പി ബി നൂഹ് നന്ദിയും രേഖപ്പെടുത്തും. ഇതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും.
ഒന്നാം വാർഷികത്തിന്റെ ഭാഗമായ നൂറ് ദിന പരിപാടിയിൽ 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 20,808 വീടുകളാണ് പൂർത്തീകരിച്ച് കൈമാറുന്നത്. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകൾ നേരത്തെ കൈമാറിയിരുന്നു. ലൈഫ് പദ്ധതിയിൽ ഇതുവരെ ആകെ 2,95,006 വീടുകൾ പൂർത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്.
34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പാർശ്വ വത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്‌നം സഫലമായ പതിനായിരങ്ങളുടെ സന്തോഷമാണ് സർക്കാരിന് മുന്നോട്ടുപോകാനുള്ള കരുത്തെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.